കാഞ്ഞിരപ്പള്ളി: ക്രിസ്മസ് - പുതുവത്സര ബംപറടിച്ച ഭാഗ്യവാനെ നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂ ലക്കി സെന്ററിൽ നിന്ന് വിറ്റ XC138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി അടിച്ചത്.
ഭാഗ്യശാലിയെ നോക്കിയിരിക്കുവാണെന്നും ഇതുവരെയായിട്ടും ആരും വിളിക്കുകയോ ലോട്ടറിയുമായി കടയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് എ.സുദീഖ് പറഞ്ഞു. ചെറുകിട മൊത്ത വ്യാപാരത്തിനായി അയ്യായിരത്തോളം ടിക്കറ്റാണ് ഇവിടെ വിൽപനയ്ക്കായി എത്തിച്ചത്.
20 കോടി അടിച്ച ഭാഗ്യവാൻ ഇവിടെത്തന്നെ ഉണ്ടാകുമെന്നാണ് കടയുടമയുടെ പ്രതീക്ഷ. നാല് ദിവസം ബാങ്ക് അവധിയായിരുന്നതിനാൽ ബുധനാഴ്ച ഭാഗ്യശാലി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.